Thursday, January 9, 2025
Kerala

അപ്പയെ വിറപ്പിച്ച ജെയ്ക്കിനോട് മധുരപ്രതികാരം; ഉമ്മൻചാണ്ടിയുടെ ആകെ ഭൂരിപക്ഷവും മറികടന്ന് ചാണ്ടിയുടെ കുതിപ്പ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം തീര്‍ത്ത് ചാണ്ടി ഉമ്മന്‍റെ വമ്പൻ കുതിപ്പ്. പിതാവ് ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരുപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് സ്വന്തമാക്കി.

നാലാം റൗണ്ട് കഴിയുമ്പോള്‍ തന്നെ ഉമ്മൻചാണ്ടിക്ക് ആകെ ലഭിച്ച ഭൂരുപക്ഷത്തെയും മറികടന്ന് ലീഡ് കുത്തനെ ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ ബിജെപിക്ക് നിലംതെടാൻ പോലും സാധിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തിൽ പോലുമില്ല. ആദ്യ റൗണ്ടിൽ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് ലഭിച്ചത്.

അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പൻ കുതിപ്പാണ് ആദ്യ റൗണ്ടില്‍ നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം അകമഴിഞ്ഞ പിന്തുണയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് നൽകിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം.

അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *