Friday, January 10, 2025
Kerala

നിലംതൊടാനാകാതെ കാലിടറി വീണ് ജെയ്ക്; പുതുപ്പള്ളി പരീക്ഷണത്തില്‍ ഇടതുമുന്നണിക്ക് വന്‍ വീഴ്ച

പുതുപ്പള്ളി പരീക്ഷണത്തില്‍ കാലിടറിവീണ് ഇടതുമുന്നണി. ശക്തി കേന്ദ്രങ്ങള്‍ അടക്കം എല്ലായിടത്തും എല്‍ഡിഎഫ് വന്‍ വീഴ്ചയാണ് നേരിട്ടത്. യുഡിഎപ് കുതിപ്പില്‍ ജെയ്ക് സി തോമസിന് ഒരു ഘട്ടത്തിലും നിലം തൊടാനായില്ല. പാര്‍ട്ടി കണക്കുകള്‍ എല്ലാം തെറ്റിച്ചുള്ള വോട്ട് ചോര്‍ച്ചയാണ് ഇടത് മുന്നണി നേരിട്ടത്. 2016ല്‍ 44,505 വോട്ടുകളും 2021ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40000 പോലും എത്തിക്കാനായില്ല.

തൃക്കാക്കരയ്ക്ക് പിന്നാലെയാണ് പുതുപ്പള്ളിയിലും എല്‍ഡിഎഫിന് ഷോക്ക് ട്രീറ്റ്‌മെന്റ് വോട്ടെണ്ണല്‍ തുടങ്ങിയ അയര്‍ക്കുന്നത്ത് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അയര്‍ക്കുന്നവും അകലക്കുന്നവും കൂരോപ്പടയും കടന്നെത്തിയ യുഡിഎഫ് യാഗാശ്വത്തെ ജെയ്കിന്റെ തട്ടകമായ മണര്‍കാടെങ്കിലും പിടിച്ചു കെട്ടാമെന്ന് കരുതി. ഒന്നും നടന്നില്ല. കഴിഞ്ഞ തവണ കടുത്ത മത്സരം നടന്ന പാമ്പാടിയും ആശ്വാസം നല്‍കിയില്ല. സമുദായിക സമവാക്യങ്ങള്‍ ഒരുഘട്ടത്തിലും തുണച്ചില്ല. യാക്കോബായ വോട്ടുകളില്‍ ധ്രുവീകരണം നടന്നതേയില്ല. കഴിഞ്ഞ തവണ ലീഡെടുത്ത ബൂത്തുകളിലെല്ലാം വോട്ട് ചോര്‍ച്ച. സഹതാപ തരംഗവും കടന്ന് ഭരണ വിരുദ്ധ വികാരമെന്ന യുഡിഎഫ് വിമര്‍ശനത്തില്‍ എല്‍ഡിഎഫ് പ്രതിരോധം ദുര്‍ബലമാകുമെന്നുറപ്പാണ്.

ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന രാഷ്ട്രീയ ന്യായം കച്ചിത്തുരുമ്പാക്കാന്‍ ശ്രമിച്ചാലും കണക്കുകള്‍ പ്രതിരോധത്തിന് മതിയാകാതെ വരും. പ്രാദേശിക വികസന പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ ഇടതുപ്രചാരണം പുതുപ്പള്ളിയെ തൊട്ടതേയില്ല. പരോക്ഷമായി ഉയര്‍ത്തിയ ചികിത്സാ വിവാദവും ജനം ഏറ്റെടുത്തില്ല. 8 പഞ്ചായത്തിലും പ്രചാരണത്തിന് എത്തിയ മുഖ്യമന്ത്രിക്കും തോല്‍വിയുടെ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

മികച്ച മത്സരമെങ്കിലും പുറത്തെടുക്കാനാകുമെന്ന ഇടത് പ്രത്യാശ കൂടിയാണ് തോല്‍വിക്കയത്തില്‍ മുങ്ങിയത്. അഴിമതി ആരോപണവും ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചുവെന്ന യു ഡി എഫ് വാദത്തില്‍ ഇടതു പ്രതിരോധം ഇനി ദുര്‍ബലമാകും. വന്‍ തോല്‍വിയും വോട്ട് ചോര്‍ച്ചയും സിപിഐഎമ്മും സര്‍ക്കാരും ഇനി വിശദീകരിച്ച് വിയര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *