Saturday, January 4, 2025
Kerala

വികസന ചർച്ചയ്ക്ക് അപ്പുറം ഉമ്മൻചാണ്ടിക്ക് ജനങ്ങൾ ആദരം നൽകി; എം.എ ബേബി

പുതുപ്പള്ളിയിലെ തോൽവിയ്ക്ക് കാരണം ഉമ്മൻചാണ്ടിയുടെ ജനകീയ ശൈലിയെന്ന് മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എ ബേബി. ഉമ്മൻചാണ്ടിയുടെ ജനകീയ രാഷ്ട്രീയ ശൈലിയോട് പുതുപ്പള്ളി വൈകാരികമായി പ്രതികരിച്ചതിനാലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
മണ്ഡലത്തിലെ വികസന ചർച്ചക്ക് അപ്പുറം ഉമ്മൻചാണ്ടിക്ക് ജനങ്ങൾ ആദരം നൽകി. തോൽവി സംബന്ധിച്ച് പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യുമെന്നും എം എ ബേബി വ്യക്തമാക്കി.

ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതിൽ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സിൽവർ ലൈൻ ഉണ്ടാക്കിയ ആഘാതവും എന്താണെന്ന് ഇടതുമുന്നണിയെ പഠിപ്പിക്കുകയാണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടി എന്ന വികാരം മാത്രമല്ല പ്രതിഫലിച്ചത് എന്ന് വിളിച്ചുപറയുന്നതാണ് ചാണ്ടി ഉമ്മന്റെ അത്യുജ്ജ്വല ഭൂരിപക്ഷം. സർക്കാരിനെ തിരുത്താൻ കൂടി പുതുപ്പള്ളിയിലെ ജനത വോട്ട് ചെയ്തു എന്ന പ്രതിപക്ഷ ആരോപണത്തിന് സർക്കാരും സിപിഐഎമ്മും മറുപടി പറയേണ്ടി വരും. തൃക്കാക്കരയേക്കാൾ ശക്തമായ ആഘാതമാണ് പുതുപ്പള്ളി നൽകിയത്.

ഈ തെരഞ്ഞെടുപ്പിൽ ഒട്ടും ആത്മവിശ്വാസമില്ലാതെ ഇറങ്ങിയയാളാണ് ജെയ്ക് സി തോമസ്. മൽസരിക്കാനില്ല എന്ന് പാർട്ടിയെ അറിയിച്ചു എന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതായിരുന്നു ആദ്യദിവസങ്ങളിലെ പ്രതികരണവും. ഉമ്മൻ ചാണ്ടി എന്ന വികാരത്തിനപ്പുറം സർക്കാർ വിരുദ്ധ വികാരവും ശക്തമാണെന്ന് നേതാക്കൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. അതിനു തടയിടാനായിരിന്നു സിപിഐഎം ഉയർത്തിയ വിശുദ്ധപദവി വിവാദവും വികസനവും. അതു രണ്ടുമാണ് തോൽവിയുടെ ആഘാതം കൂട്ടിയത് എന്ന വിമർശനത്തിന് ഇനി പാർട്ടി മറുപടി പറയേണ്ടി വരും. മൂന്നാമതും തോറ്റ ജെയ്ക് സി തോമസ് വ്യക്തിപരമായി ഏറെ സമ്മർദ്ദങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയത്.

സിപിഐഎം നേതാക്കളും മന്ത്രി വി എൻ വാസവനും ഇതുവരെ പറഞ്ഞതെല്ലാം തിരുത്തേണ്ടിയും വരും. 2011ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഉമ്മൻചാണ്ടിക്കെതിരേ സുജ സൂസൻ ജോർജ് നേടിയ 36,573 എന്ന വോട്ടായിരുന്നു ഇതുവരെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടായി കണക്കാക്കിയിരുന്നത്. പോൾ ചെയ്ത വോട്ടിന്റെ കണക്കെടുക്കുമ്പോൾ അതിലും വലിയ തിരിച്ചടിയാണ് ഇത്തവണ. മാസപ്പടി വിവാദം കത്തി നിൽക്കുമ്പോഴാണ്പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ എ സി മൊയ്തീന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. ഇതിനിടെ സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണത്തിനു പോലും നേരിടേണ്ടി വന്ന വിമർശനം. ഈ തോൽവിക്ക് ഉത്തരം പറയാൻ ഏറ്റവും നിർബന്ധിതനാവുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *