Saturday, October 19, 2024
Kerala

ഉപ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കണമെന്ന്‌ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന്‌ പ്രതിപക്ഷം

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. കോവിഡ്‌ വ്യാപനം മാത്രമല്ല, സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ്‌ മാസം മാത്രം ശേഷിക്കെ ഒരു തെരഞ്ഞെടുപ്പ്‌ ആവശ്യമില്ല എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭീമമായ ചെലവും സര്‍ക്കാര്‍ കാരണമായി പറയുന്നു.

ഈ ആവശ്യത്തിന്‌ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ സമീപിച്ചു. ഇന്ന്‌ നടന്ന യുഡിഎഫ്‌ യോഗത്തില്‍ ചെന്നിത്തല തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒപ്പം നില്‍ക്കാമെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌.

നവംബറില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം മറ്റ്‌ 64 മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി കുട്ടനാടും ചവറയിലും തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നീക്കം
ഉപ തെരഞ്ഞെടുപ്പ്‌ നടക്കുമെന്ന സൂചനകളെ തുടര്‍ന്ന്‌ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചു തുടങ്ങി. കുട്ടനാട്ടില്‍ മുന്‍ എംഎല്‍എ തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ തോമസ്‌ മത്സരിപ്പിക്കാനാണ്‌ എല്‍ഡിഎഫ്‌ ആലോചിക്കുന്നത്‌. കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ ജേക്കബ്‌ ഏബ്രഹാമായിരിക്കും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി.

ചവറയില്‍ ഷിബു ബേബി ജോണായിരിക്കും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എന്ന ധാരണയുണ്ടായിട്ടുണ്ട്‌. അന്തരിച്ച എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ സുജിത്‌ വിജയനെ മത്സരിപ്പിക്കാനാണ്‌ എല്‍ഡിഎഫ്‌ നീക്കം.

Leave a Reply

Your email address will not be published.