Wednesday, April 16, 2025
Kerala

ആഘോഷപൂർവ്വം ഉദ്ഘാടനം, ഒരു മാസത്തിനുള്ളിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കുഴി!

കോട്ടയം : സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്. നിർമ്മാണത്തിലെ പ്രശ്നങ്ങൾ അല്ലെന്നും ടൈൽ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട വാഗമൺ റോഡിൻറെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയിൽ ഈ വിധം ടാറിങ് പൊളിഞ്ഞത്. ടാറിനടിയിൽ നിന്ന് വെള്ളം ഉറവ പോലെ മുകളിലേക്ക് വന്നാണ് റോഡ് തകർന്നത്. വേലത്തുശേരിയിൽ മൂന്നിടങ്ങളിൽ ഈ വിധം റോഡ് തകർന്നിട്ടുണ്ട്. ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ഇനിയങ്ങോട്ട് എന്താകും എന്ന ആശങ്കയാണ് നാട്ടുകാർക്ക്. മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ മതിയായ പഠനം നടത്താതെയാണ് റോഡ് ടാർ ചെയ്തത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

റോഡ് നിർമ്മാണ കരാർ ആദ്യം ഏറ്റെടുത്തയാൾ കരാർ ലംഘനം നടത്തിയതിനെ തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഈരാറ്റുപേട്ട വാഗമൺ റോഡിൻറെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. വിള്ളൽ കണ്ട ഭാഗത്ത് ടാർ മാറ്റി ടൈലിട്ട് പ്രശ്നം പരിഹരിക്കും എന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. 20 കോടി രൂപയോളം ചെലവിട്ട് നവീകരിച്ച റോഡിലാണ് ഉദ്ഘാടനത്തിന് ഒരു മാസത്തിനിപ്പുറം ഈ വിധമുള്ള ദുരവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *