കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിൽ കാലവർഷം എത്തിയതായാണ് അറിയിപ്പ്. അതേസമയം ഏതെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ട്വിറ്ററിലൂടെയാണ് കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതുസംബന്ധിച്ച് വിശദമായ വാർത്താക്കുറിപ്പ് ഇറക്കാനും സാധ്യതയുണ്ട്. മാനദണ്ഡം അനുസരിച്ച് ഒമ്പത് കേന്ദ്രങ്ങളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ അധികം മഴ ലഭിച്ചാൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കും.
കേരളത്തിൽ പക്ഷേ ഇന്നോ ഇന്നലെയോ കാര്യമായ മഴയില്ല. അതിനാൽ തന്നെ ഏത് മാനദണ്ഡമുപയോഗിച്ചാണ് കാലവർഷം സ്ഥിരീകരിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കേണ്ടതുണ്ട്.