ഒടുവിൽ ആശ്വാസ വാർത്ത: താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചേക്കും
മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചേക്കും.
ഇതോടെ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത് 37 പേരാണെന്ന സംശയം ബലപ്പെട്ടു. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 22 പേരാണ് അപകടത്തിൽ മരിച്ചത്. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്.
മരിച്ച 9 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ടു പേരും അപകടത്തിൽ മരിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കകത്തെ ബോട്ടിൽ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ, പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്ക് ആയിരുന്നു ബോട്ടപകടം.