Tuesday, April 15, 2025
Kerala

‘താനൂരിലേത് മനുഷ്യ നിര്‍മ്മിത ദുരന്തം,മത്സ്യബന്ധനബോട്ടിനെ യാത്രാബോട്ടാക്കി മാറ്റിയത് നിയമാനുസൃതമായല്ല’ വിഡി സതീശന്‍

താനൂര്‍:താനൂരിലുണ്ടായത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു . ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല. ലൈസന്‍സുണ്ടെങ്കില്‍ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാന്‍ അനുവദിക്കാറില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്താണ് ബോട്ട് സര്‍വീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. താനൂരില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്.

കപ്പാസിറ്റിയേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് ബോട്ടില്‍ കയറിയത്. തേക്കടി, തട്ടേക്കാട് ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണ്. നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയുമാണ് ബോട്ട് സര്‍വീസെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ലൈസന്‍സുകള്‍ പരിശോധിക്കാനും ലൈസന്‍സുള്ളവ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടോയെന്നും അടിയന്തിരമായി പരിശോധിക്കണം. ആരുടെ ശുപാര്‍ശയിലാണ് നിയമവിരുദ്ധ സര്‍വീസിന് ഉദ്യോഗസ്ഥര്‍ കണ്ണടച്ചതെന്നും അന്വേഷിക്കണം.

പാവങ്ങളായ കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്. അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണം. കമ്മീഷന്‍റെ കാലവധി നീട്ടിക്കൊടുക്കുന്ന അവസ്ഥയുണ്ടാകരുത്. ജുഡീഷ്യല്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്ത് ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *