സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചു; തരൂരിൽ പി കെ ജമീല സ്ഥാനാർഥിയാകില്ല
പാലക്കാട് തരൂർ സീറ്റിൽ ഡോ. പി കെ ജമീലയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പിൻമാറ്റം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ജമീലക്ക് പകരം സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കുകയായിരുന്നു.
നാല് തവണ എംഎൽഎയായ എ കെ ബാലന്റെ ഭാര്യ മത്സരിക്കുന്നത് പാർട്ടി അണികളിൽ തന്നെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തുമെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. അതേസമയം അരുവിക്കര മണ്ഡലത്തിൽ ജി സ്റ്റീഫൻ തന്നെ മത്സരിക്കും. വി കെ മധുവിനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി
പൊന്നാനിയിൽ പി നന്ദകുമാറും മത്സരിക്കും. കീഴ് ഘടകങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് നന്ദകുമാറിനെ മണ്ഡലത്തിൽ നിർത്തുന്നത്. ടി എം സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. കൊയിലാണ്ടിയിൽ കാനത്തിൽ ജമീല സ്ഥാനാർഥിയാകും.