മകരവിളക്ക്’ ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു. ഇന്നത്തെ വെർച്വൽ ക്യു വഴിയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകൾ എത്തുന്നുണ്ട്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
മകരവിളക്കിന് മുന്നോടിയായി പട്രോളിങ്ങും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയാൻ മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി.മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ചുകൂടുന്ന പുല്ലുമേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു. തീ പടരുന്നത് തടയാൻ ഫയര്‍ ലൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
മകരവിളക്ക് ദര്‍ശന പോയന്റുകളില്‍ ജീവനക്കാരെ മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി-കരിമല പാതയിലും സത്രം – പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പകലും രാത്രിയുമുള്ള പട്രോളിങ് ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമാണ് വനം വകുപ്പിന്റേതായി പമ്പയിലും സന്നിധാനത്തുമുള്ളത്.