ഗവര്‍ണറെയും സര്‍ക്കാരിനെയും ഒരുപോലെ എതിര്‍ക്കും; സര്‍വകലാശാല ബില്ലില്‍ യുഡിഎഫില്‍ ധാരണ
സര്‍വകലാശാല ബില്ലില്‍ യുഡിഎഫില്‍ ധാരണ. ഗവര്‍ണറെയും സര്‍ക്കാര്‍ കൊണ്ടുവരുന്ന ബദല്‍ സംവിധാനത്തെയും ഒരുപോലെ എതിര്‍ക്കാനാണ് തീരുമാനം. സംഘിവത്ക്കരണം പോലെ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം നടക്കുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തും രാവിലെ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഗവര്‍ണറെ മാറ്റുന്നതിലൂടെ സര്‍ക്കാര്‍ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംഘിവത്ക്കരണം നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇരുകൂട്ടരെയും ഒരുപോലെ എതിര്‍ക്കാനാണ് നിലവിലെ തീരുമാനം.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ആണ് നിലവില്‍ സഭ പരിഗണിക്കുന്നത്. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. പലഘട്ടങ്ങളിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിന്റെ നിലപാടും ഇന്ന് നിര്‍ണായകമാണ്. സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സര്‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.
ഓരേ വിഭാഗത്തില്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. 75 വയസാണ് പ്രായപരിധി. ചാന്‍സലറാകുന്ന വ്യക്തിക്ക് ഒരു തവണ കൂടി അവസരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. എന്നാല്‍ ചാന്‍സലര്‍മാരുടെ യോഗ്യത, ഇവരെ മന്ത്രിസഭ തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സ്വജന പക്ഷപാത ആരോപണം, പ്രൊ ചാന്‍സലര്‍ കൂടിയായ മന്ത്രി തെരഞ്ഞെടുക്കുന്ന വ്യക്തി ഒരേ വേദി പങ്കിടുമ്പോഴുള്ള പ്രോട്ടോക്കോള്‍ പ്രശ്‌നം ഇതിലെല്ലാം ഇനിയും വ്യക്തതയുണ്ടായിട്ടില്ല.