Monday, January 6, 2025
Kerala

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക്

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റില്‍ നിന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സര്‍വകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സെനറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് സര്‍വകലാശാല കൈക്കൊള്ളുക. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയില്‍ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല്‍ അടുത്ത സെനറ്റ് യോഗത്തില്‍ ആ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയും. ഇതിലൂടെ ഗവര്‍ണര്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിയുമെന്നാണ് സിപിഐഎം നീക്കം.

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല രാജ്ഭവനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസത്തിന് പിന്നാലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ടുള്ള അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കല്‍’ നടപടിയിലേക്ക് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *