Saturday, October 19, 2024
Kerala

ഒരുക്കിയത് വി സിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരം, പത്ത് ദിവസത്തേക്ക് നടപടിയില്ല; അയഞ്ഞ് ഗവര്‍ണര്‍

കേരളത്തിലെ ഒന്‍പത് വിസിമാര്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഹൈക്കോടതിയില്‍ അയഞ്ഞ് ഗവര്‍ണര്‍. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ് ചാന്‍സിലര്‍മാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ അത് പറഞ്ഞത്. വിസിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നല്‍കിയത്. എന്നാല്‍ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യര്‍ത്ഥന മാത്രമായിരുന്നു തന്റേതെന്ന് കോടതിയില്‍ ഗവര്‍ണര്‍ പറഞ്ഞു. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേള്‍ക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയില്‍ ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ അസാധാരണ ഉത്തരവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് അല്‍പ സമയം മുന്‍പ് നടന്ന സുദീര്‍ഘമായ വാര്‍ത്താ സമ്മേളനത്തിലൂടെ ഗവര്‍ണര്‍ മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

Leave a Reply

Your email address will not be published.