Thursday, January 9, 2025
Kerala

ഡി.ആർ അനിലിൻ്റെ കത്തിനെ ന്യായീകരിച്ച് ആനാവൂർ നാ​ഗപ്പൻ; രണ്ട് കത്തുകളെപ്പറ്റിയും പാർട്ടി അന്വേഷിക്കും

വിവാദമായ രണ്ട് കത്തുകളെപ്പറ്റിയും പാർട്ടി അന്വേഷണം നടത്തുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കാർക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേകം അന്വേഷിക്കും. രണ്ടു കത്തുകളുടെയും എല്ലാ വശങ്ങളും അന്വേഷിക്കേണ്ടതുണ്ട്. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നത് മാധ്യമപ്രചാരണം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കത്ത് വ്യാജമാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും. ഡിആർ അനിലിൻ്റെ കത്തിനെ ആനാവൂർ ന്യായീകരിക്കുകയും ചെയ്തു. കുടുംബശ്രീയിൽ നിന് ലിസ്റ്റ് പെട്ടന്ന് കിട്ടാനാണ് കത്ത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കത്തും ശരിയോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് ഡി.ആർ അനിൽ സമ്മതിച്ചിരുന്നു. എസ് എ ടി വിഷയത്തിൽ താൻ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല. കത്ത് പുറത്തുവന്നതിൽ അന്വേഷണം വേണം. പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നൽകിയത്. എസ് എ ടി നിയമനങ്ങൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽനോട്ടം നൽകും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഇതിനിടെ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *