കേരള യൂണിവേഴ്സിറ്റി വി.സി നിയമനം; ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി
കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തിൽ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. സെനറ്റംഗം എസ്.ജയറാമാണ് ഹര്‍ജി നല്‍കിയത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിനോട് നിര്‍ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. സെനറ്റ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാത്തത് മനഃപൂര്‍വമെന്ന് ഹര്‍ജിയില്‍ പറയുന്നു.
സെനറ്റിലെ നല്ലൊരു ശതമാനവും പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിലപാടുകാരാണ്. ചാന്‍സിലര്‍ തങ്ങള്‍ക്ക് കീഴടങ്ങണമെന്ന സെനറ്റിന്റെ ആവശ്യം ഭീകരപ്രവര്‍ത്തനത്തിന് സമാനമെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. രാഷ്ട്രീയപ്രേരിതമായാണ് സെനറ്റംഗങ്ങളുടെ പ്രവര്‍ത്തനം. നവംബര്‍ നാലിന് നടന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെത്തിയത് എകെജി സെന്ററില്‍ നിന്നുമാണ്. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം വേണ്ട നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ പറഞ്ഞു.