അശ്രദ്ധ മൂലമുള്ള വാഹനാപകടങ്ങള്‍ അംഗീകരിക്കാനാകില്ല; വിമര്‍ശനങ്ങളുമായി ഹൈക്കോടതി
പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. അശ്രദ്ധ മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഇന്ന് ഹാജരായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്ന് കോടതി ശ്രീജിത്തിനോട് ചോദിക്കുന്ന സാഹചര്യം ഇന്നുണ്ടായി. റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവര്‍ത്തന രീതി വിശദീകരിച്ച ശ്രീജിത്ത് അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു.
ട്രാഫിക് സംവിധാനങ്ങള്‍ കയറൂരി വിട്ടതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളും ട്രാഫിക് നിയമങ്ങളുടെ ലംഘനം നടത്തുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അശ്രദ്ധ മൂലമുള്ള അപകടങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു.