പുതുപ്പള്ളിക്ക് പിന്നാലെ ആഞ്ഞടിക്കുമോ? സംഘടനാ പ്രശ്നങ്ങൾ ഉയർത്താനിരുന്ന ചെന്നിത്തലയെ പിന്തിരിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: പുതുപ്പള്ളി ഫലത്തിന് ശേഷം സംഘടനാ പ്രശ്നങ്ങളിൽ ആഞ്ഞടിക്കാനൊരുങ്ങുന്ന രമേശ് ചെന്നിത്തലയെ പിന്തിരിപ്പിക്കാൻ സമ്മർദ്ദം. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.
സിഡബ്ള്യുസി പട്ടികയിലെ അമർഷം പുറത്തൊഴുക്കാൻ പുതുപ്പള്ളി കഴിയാൻ മാറ്റിവെക്കുകയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള അസംതൃപ്തർ. എട്ടിന് ശേഷം പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയനീക്കങ്ങളാണപ്പോൾ സജീവം. തന്നെ തഴഞ്ഞ് തരൂരിനെ സ്ഥിരം അംഗമാക്കിയതിൽ കടുത്ത അതൃപ്തിയാണ് ചെന്നിത്തലക്കുള്ളത്. അമർഷം ഉള്ളിലൊതുക്കി പുതുപ്പള്ളിയിൽ സജീവമായ രമേശിനോട് ഇനി വെടിപൊട്ടിക്കരുതെന്നാണ് ഒപ്പമുള്ളവർ ആവശ്യപ്പെടുന്നത്. പരസ്യപ്രതികരണം ഒഴിവാക്കാൻ ഐ ഗ്രൂപ്പ് ചെലുത്തുന്നത് കടുത്ത സമ്മർദ്ദമാണ്. പുതുപ്പള്ളിയിൽ ചാണ്ടിക്ക് വലിയ ജയമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ജയം ഉണ്ടാക്കുന്ന ആഹ്ലാദ അന്തരീക്ഷത്തിൽ പോരിനിറങ്ങിയാൽ നെഗറ്റീവാകുമെന്ന സന്ദേശം സഹപ്രവർത്തകർ രമേശിനെ അറിയിച്ചു. പക്ഷെ കാത്തിരിക്കാൻ മാധ്യമങ്ങളോട് പറഞ്ഞതും പരാതി എങ്ങനെ ഉന്നയിക്കുമെന്നതും പ്രശ്നമാണ്. അതൃപ്തി തൽക്കാലം പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കുക അല്ലെങ്കിൽ എഐസിസി നേതൃത്വത്തെ നേരിട്ട് കണ്ട് പറയുക എന്നീ ബദൽ നിർദ്ദേശമാണ് ചെന്നിത്തലക്ക് മുന്നിൽ ഗ്രൂപ്പ് നേതാക്കൾ വച്ചത്.