Wednesday, April 16, 2025
Kerala

വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി; പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ

പുതുപ്പള്ളിയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്.

കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളാണ് എണ്ണുക.

കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. ആദ്യം എണ്ണിത്തുടങ്ങുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ്. 14 മേശകളിൽ 13 റൗണ്ട് വോട്ടെണ്ണൽ നടക്കും.

ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. പുതുപ്പള്ളിയിൽ ഇക്കുറി 72.86 ആണ് പോളിങ് ശതമാനം. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *