സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യത; പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി
സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യതയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെതിരെ നടക്കുന്ന പി എസ് സി സമരം തിരിച്ചടിയുണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞ് എസ് എൻ ഡി പി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോയെന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം
മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്. മാധ്യമങ്ങൾ എന്തൊക്കെ പ്രചാരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം നടത്തിയത്. ദുരിത കാലത്ത് സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ഇത് വോട്ടായി മാറി
വിശ്വാസികളെ ഒഴിവാക്കി മുന്നോട്ടു പോകാൻ കഴിയില്ലെന്ന സിപിഎം നേതാവ് എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് സത്യമാണ്. വിശ്വാസികളെ മാറ്റിനിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പോകുന്നില്ല. ബിജെപിയുടെ വായിലെ ചോക്ക്‌ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു