കോഴികളെ കൊന്ന് രക്തം ഒഴുക്കും; രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി പൂജകളും; നാടിന്റെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രം
നാടിൻറെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം. ഭ്രമരാംബിക ദേവസ്ഥാനം എന്ന പേരിൽ പ്രവർത്തിക്കുന്ന മന്ത്രവാദ കേന്ദ്രത്തിൽ കോഴികളെ കൊന്ന് രക്തം ഒഴുക്കുകയും, രാത്രികാലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തും വിധം പൂജകൾ നടക്കുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികളുടെ പരാതി.ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടിയെടുക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടും പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ടാണ് മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം എന്നും ആരോപണം ഉയരുന്നുണ്ട്.
വീടിനു മുകളിൽ ലൈസൻസ് ഇല്ലാതെയും അനധികൃതമായും നിർമ്മിച്ച കെട്ടിടത്തിലാണ് മന്ത്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.പ്രദേശവാസികൾ എതിർപ്പ് ശക്തമാക്കിയതോടെ എതിർക്കുന്നവർക്കെതിരെ കേസ് കൊടുക്കുകയാണ് മന്ത്രവാദ കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ പ്രധാന പരിപാടി.
മന്ത്രവാദിയുടെയും കുടുംബത്തിന്റെയും കള്ള പരാതികൾ പൊലീസ് സ്വീകരിക്കാതിരുന്നതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. അനധികൃത മന്ത്രവാദ കേന്ദ്രം പൊളിച്ചു നീക്കാൻ ഹൈക്കോടതി പഞ്ചായത്തിന് നിർദ്ദേശം നൽകി. എന്നിട്ടും യാതൊരുമില്ലാതെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം നിർബാധം തുടരുകയാണ്.
രാത്രിയായാൽ പല പ്രദേശത്തു നിന്നും വാഹനങ്ങളിൽ ആളുകൾ ഇങ്ങോട്ട് എത്തുന്നത് പ്രദേശത്ത് കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. അനധികൃത മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ നാട്ടുകാർക്ക് ഇടപെടേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.