കരിപ്പൂർ വിമാനാപകടം; കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ദുരന്തത്തിന് ഒരു വയസ്
കരിപ്പൂർ വിമാനാപകട ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു . നൂറിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു .
അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും. പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ 6 ജീവനക്കാരും. ലാന്‍ഡിംഗിനായുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.
വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്.