ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ
ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.സ്വകാര്യ റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോർട്ടിൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി രാജാപ്പാറയിലെ ജംഗിൾ പാലസ് എന്ന റിസോർട്ടിലാണ് കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 28നായിരുന്നു പരിപാടി.
കേസിൽ റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ്, ക്രഷർ മാനേജർ കോതമംഗലം തവരക്കാട്ട് ബേസിൽ ജോസ്, പാർട്ടിയിൽ പങ്കെടുത്ത നാട്ടുകാരായ തോപ്പിൽ വീട്ടിൽ മനു കൃഷ്ണ , കരയിൽ ബാബു മാധവൻ, കുട്ടപ്പായി, വെള്ളമ്മാൾ ഇല്ലം വീട്ടിൽ കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
റിസോർട്ടിൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു. ബെല്ലി ഡാൻസിനായി എത്തിച്ച വിദേശ വനിതകളുടെ വിസ പരിശോധിച്ച് ക്രമക്കേടുണ്ടെങ്കിൽ നടപടിയെടുക്കും. കോവിഡ് കാലത്ത് മുംബൈയിൽ നിന്ന് യുക്രെയ്ൻ നർത്തകിമാരെത്തിയത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ റിസോർട്ടിൻറെ ഉടമ റോയ് കുര്യൻ അടക്കം 48 പേർക്കെതിരെയാണ് ശാന്തൻപാറ പൊലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ നിശാപാർട്ടിയിലെ മദ്യ സൽക്കാരത്തിന് തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന്എക്‌സൈസ് വകുപ്പ് അറിയിച്ചു.