Thursday, January 9, 2025
Kerala

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്ന്; മുഖ്യമന്ത്രിയ്ക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

എഐ ക്യാമറ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എന്ന് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇത്രയും ദുർബലമായി മുൻപൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

ട്രാഫിക് ലംഘനങ്ങൾ പിടികൂടാനെന്നതിന്റെ മറവിൽ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാൻ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വൻഅഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മൗനത്തിൻ്റെ വാദ്മീഗത്തിൽ ആണ്ടിരുന്ന താങ്കൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തടിതപ്പാനാണ് താങ്കൾ ശ്രമിച്ചത്. സർക്കാരിനെതിരെ എന്തെല്ലാം കെട്ടിച്ചമയ്ക്കാൻ പറ്റുമോ അതെല്ലാമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അതൊന്നും ഏശുകയില്ലെന്നും താങ്കൾ പറയുന്നുണ്ട്. താങ്കൾ ഇത്രയും ദുർബലമായി മുൻപൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല.

പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടിൽ സർക്കാരും കെൽട്രോണും ഒളിച്ചു വച്ചിരുന്ന രേഖകൾ ഒന്നൊന്നായി പുറത്തു കൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സർക്കാരിന്റെ ആഭിമുഖ്യത്തിൽ കുറച്ച് കറക്ക് കമ്പനികളെ വച്ച് നടത്തിയ വൻകൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. അവ വസ്തുതാപരമായതിനാലാണ് മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയും അവർ സ്വന്തം നിലയിൽ അന്വേഷിച്ച് കൂടുതൽ വിവരങ്ങളും രേഖകളും പുറത്തു കൊണ്ടു വരികയും ചെയ്തത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകൾ പുറത്തു വരുമ്പോൾ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുറത്തു കൊണ്ടു വന്ന രേഖകളിന്മേൽ വ്യക്തമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്ത് വന്ന വസ്തുതകളിൽ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തു വന്ന രേഖകൾ താങ്കൾ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കിൽ ഒറിജിനൽ രേഖകൾ പുറത്തു വിടാൻ തയ്യാറാണോ എന്ന് ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു.

മൻപൊക്കെ ആരോപണങ്ങൾ ഉയരുമ്പോൾ ഒരു മണിക്കൂർ പത്രസമ്മേളനം നടത്തി വാചക കസർത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോൾ എവിടെപ്പോയി? ഇവിടെ എ.ഐ ക്യാമറയിലെ അഴിമതി പൊതു സമൂഹത്തിന് മുന്നിൽ പകൽ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നത്. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. അതിന് മറുപടി പറയാൻ താങ്കൾക്ക് സ്വാഭാവികമായും കഴിയില്ലെന്ന് എനിക്കറിയാം.

മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ധാർഷ്ടയത്തിന്റെയും പൊതു സമൂഹത്തോടുള്ള പുച്ഛത്തിൻരെയും തെളിവാണ്. ഞങ്ങൾ എന്ത് അഴിമതിയും നടത്തും, ചോദിക്കാൻ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരാ എന്ന ധിക്കാരമണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്. സി.പി.എമ്മിന് തുടർഭരണം ലഭിച്ചതിന്റെ അഹന്തയാണിത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടർഭരണം ലഭിച്ച പശ്ചിമ ബംഗാളിലും തൃപുരയിലും നിങ്ങളുടെ പാർട്ടി കല്ലിന് മേൽ കല്ലില്ലാതെ തകർന്നടിഞ്ഞത് ഈ അഹന്തയും പൊതു സമൂഹത്തോടുള്ള പുച്ഛവും കാരണമാണെന്ന് ഞാൻ ഓർമ്മപ്പെടുത്തട്ടെ.

കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എ.ഐ ക്യാമറയുടെ മറവിൽ നടന്നതെന്ന ഇതിനകം പുറത്തു വന്ന രേഖകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന രേഖകൾ അനുസരിച്ച് വെറും 58 കോടിക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമൊക്കെയായി ഉയർത്തിയത്. പൊതു സമൂഹത്തിൽ നിന്ന് പിഴ പിരിച്ച് ഏതാനും കറക്കു കമ്പനികൾക്ക് തടിച്ചു കൊഴുക്കാൻ അവസരം നൽകുകയും അത് വഴി സ്വന്തം കീശ വീർ്പപിക്കാനുമാണ് ഇവിടെ ഭരണക്കാർ നോക്കിയതെന്ന് വ്യക്തം. പദ്ധതി ആസൂത്രണം ചെയ്യുന്നതിന് മുൻപേ അഴിമതി ആസൂത്രണം നടത്തി എന്നാണ് രേഖകൾ തെളിയിക്കുന്നത്. ടെണ്ടർ നടപടികളിൽ നടന്നത് വ്യക്തമായ ഒത്തുകളിയാണ്. അടിമുടി കൃത്രിമമാണ് നടന്നിരിക്കുന്ത്. ടെണ്ടർ നേടിയ എസ്.ആർ.ടി.ഒയും അശോക ബിൽഡ്‌കോണും നേരത്തെ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. മറ്റൊരു കമ്പനിയായ അക്ഷരയക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. ബിസിനസ് പങ്കളാത്തമുള്ള കമ്പനികൾ ടെണ്ടറിൽ ഒത്തുകളിക്കുന്നത് കുറ്റകരമാണ്. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് (സി.സി.ഐ) ഇതിൽ ഇടപെടാനും ശിക്ഷ വിധിക്കാനുമാവും. പദ്ധതിയുടെ അടിസ്ഥാനമായ ഈ ടെണ്ടർ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഈ ടെണ്ടർ അടിയന്തിരമായി റദ്ദ് ചെയ്യുകയാണ് വേണ്ടതെന്ന് ഞാൻ താങ്കളെ ഓർമ്മിപ്പിക്കുന്നു.

ഈ ഇടപാടിൽ കൊള്ള ലാഭം കൊയ്ത പ്രസാദിയോക്ക് താങ്ങളുടെ പാർട്ടിയുമായി എന്താണ് ബന്ധമെന്ന വെളിപ്പെടുത്താൻ മുഖ്യമന്ത്രീ താങ്കൾ തയ്യാറാണോ? പ്രസാദിയക്ക് താങ്കളുടെ ബന്ധുവുമായി ബന്ധമൊന്നും ഇല്ലെന്ന് താങ്കൾക്ക് പറയാനാവുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും പ്രസാദിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടൻസ് താങ്കൾക്ക് വിശദീകരിക്കാനവുമോ? അഞ്ചു വർഷം മുൻപ് മത്രം രൂപീകരിച്ച പ്രസാദിയോക്ക് സർക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാദിയോ എങ്ങനെ ഇത്രയും വളർന്നു വലുതായി. എ.ഐ ക്യാമറാ പദ്ധതിയിൽ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രി എന്ന നിലയിൽ താങ്കളിൽ നിക്ഷിപ്തമാണ്. എല്ലാം കെട്ടിച്ചമച്ചതാണെന്നും അത് ഏശില്ലെന്നും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ല. കാരണം പൊതു ജനങ്ങളുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെടുന്നത്.
ഏറ്റവും ഒടുവിൽ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകൾ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ?

ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ അതിനമേൽ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തു കൊടുത്ത വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്. അഴിമതി തേച്ചു മാച്ചു കളയുന്നതിനുള്ള അന്വേഷണമാണ് ഇത്. ഇപ്പോൾ മറ്റൊരു വകുപ്പിലെ വിജിലൻസ് അന്വേഷണത്തെ എ ഐ ക്യാമറയുടതെന്ന തരത്തിൽ ബോധ പൂർവ്വം പുകമറ സൃഷ്ടിക്കാനെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ബോദ്ധ്യമുണ്ട്. ഇത്തരം പൊടിക്കൈകൾ കൊണ്ട് ഈ വൻഅഴിമതിയെ മൂടി വയ്ക്കാമെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ താങ്കൾക്ക് തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് താങ്കൾ ഓർക്കണമെന്ന് മാത്രം ഇപ്പോൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *