എ ഐ ക്യാമറയുടെ മറവില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് കെ സുധാകരന്‍; വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്ന് ആരോപണം
എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടതെന്ന് കെ സുധാകരന്‍ പറഞ്ഞു. സാങ്കേതിക പരിജ്ഞാനം ഉള്ളവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന സര്‍ക്കാര്‍ വാദവും അതിന് ബലം നല്‍കുന്ന വാര്‍ത്തയും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. 2022ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പുറത്ത് വിട്ടത് എഐ ക്യാമറ പദ്ധതിയില്‍ നടന്ന അഴിമതി മൂടിവെയ്ക്കാനാണെന്നും കെ സുധാകരന്‍ ആരോപിക്കുന്നു.
അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട പദ്ധതിക്ക് സര്‍ക്കാരും മന്ത്രിസഭയും അനുമതി നല്‍കിയത് എന്തിനാണെന്നും അത് കൊട്ടിഘോഷിച്ച് വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്തിനാണെന്നും കെ സുധാകരന്‍ ചോദിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രഹസ്യമായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഈ രേഖകള്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍കേന്ദ്രം പുറത്ത് വിട്ടത്. ഈ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.