സ്വകാര്യബസിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം; യുവാവിന് ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വകാര്യബസിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോക്സോ ആക്ട് പ്രകാരം ശിക്ഷിച്ച് തൃശൂർ കോടതി. പുത്തൻചിറ സ്വദേശി ആലപ്പാട്ട് വീട്ടിൽ വർഗീസിനെയാണ് കോടതി ശിക്ഷിച്ചത്. ഒരു വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് വർഗീസിന് ശിക്ഷ വിധിച്ചത്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് കൊടുങ്ങല്ലൂർ റൂട്ടിലുള്ള ബസിൽ വരികയായിരുന്ന ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികൾക്ക് നേരെയായിരുന്നു ഇയാളുടെ നഗ്നതാപ്രദർശനം. കൊടുങ്ങലൂർ കാര ജങ്ക്ഷനിൽ ഇറങ്ങിയ കുട്ടികളെ പ്രതി പിൻതുടർന്നു മിഠായി വാങ്ങി തരാമെന്നുപറഞ്ഞ് അടുത്തുകൂടുകയായിരുന്നു.
ഭയന്ന കുട്ടികൾ അടുത്ത വീട്ടിലേക്കു ഓടി വിവരം അറിയിച്ചു. തുടർന്ന് നാട്ടുകൾ പ്രതിയെ തടഞ്ഞുവെച്ചു പൊലീസിലേൽപിക്കുകയായിരുന്നു. പിന്നീട് കൊടുങ്ങല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേക്ഷണം നടത്തിയത്. സമൂഹത്തിനു സന്ദേശം നൽകുന്ന രീതിയിൽ പ്രതിക്ക് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.