സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും
എഐ ക്യാമറ അഴിമതി വിവാദം കത്തിപ്പടരുന്നതിനിടെ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതി യോഗത്തിന്റെ ഒന്നാം ദിനവും വിഷയം പരിഗണിച്ചിരുന്നില്ല. അന്വേഷണം തുടരുന്നതിനാൽ വിവാദത്തിൽ തൽക്കാലം നിലപാട് പറയേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ ധാരണ.
അജണ്ടയിൽ ഇല്ലെങ്കിലും ക്യാമറ വിവാദം യോഗത്തിൽ ഇന്ന് ഉയർന്നു വന്നേക്കും. വിവിധ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾക്ക് മേലുള്ള അന്തിമ തീരുമാനവും ഇന്നുണ്ടാകും. ആലപ്പുഴ പാലക്കാട് ജില്ലകളിൽ പാർട്ടി സമ്മേളനങ്ങൾക്കിടെ നടന്ന വിഭാഗീയ പ്രവർത്തനങ്ങളിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വീഴ്ചകളിലുമുള്ള റിപ്പോർട്ടുകളാണ് സിപിഐഎം സംസ്ഥാന സമിതിക്ക് മുന്നിലുള്ളത്.
എഐ ക്യാമറയുടെ മറവിൽ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറിൽ എത്തിയതെന്നും സതീശൻ പറഞ്ഞു. ട്രോയിസ് കമ്പനിയിൽ നിന്ന് തന്നെ സാധങ്ങൾ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് കരാറുണ്ടാക്കിയത്. ഉപകരാറിനായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശൻ ആരോപിച്ചു.
പ്രകാശ് ബാബുവാണ് യോഗത്തിൽ ഏറ്റവും കൂടുതൽ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധു ചർച്ചയിൽ പങ്കെടുത്തന്ന തിന് തെളിവുണ്ടോ എന്ന ചോദ്യം രാജീവ് ഉന്നയിച്ചു. തങ്ങളുടെ ആരോപണം പ്രസാദിയോ കമ്പനി ഉടമ നിഷേധിച്ചിട്ടില്ല. പണം നഷ്Sപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചോ എന്ന് വ്യക്തമാക്കണം. എല്ലാം കൈകാര്യം ചെയ്യുന്നത് പ്രസാദിയോയാണെന്നും അദ്ദേഹം ആരോപിച്ചു.
കൺട്രോൾ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉൾപ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നൽകിയിരിക്കുന്നത്. അതു തന്നെ യഥാർത്ഥത്തിൽ 45 കോടിക്ക് ചെയ്യാൻ പറ്റുന്നതാണ്. എന്നാൽ 151 കോടിക്കാണ് ടെൻഡർ നൽകിയത്. എസ്ആർഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷൻ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയിൽ നടന്നിരിക്കുന്നത്’ സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.