Saturday, October 19, 2024
Wayanad

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ടെലിഫോൺ, ഇൻ്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് ബിഎസ്എൻഎൽ

മുൻ എം.പി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ടെലിഫോൺ, ഇൻ്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് ബിഎസ്എൻഎൽ. വൈകിട്ട് ആറുമണിയോടെയാണ് വിവരം എംപി ഓഫീസിലെ മുൻ സ്റ്റാഫുകളെ കൽപ്പറ്റ ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് വിളിച്ചറിയിക്കുന്നത്. ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്തുനിന്നും അറിയിച്ചത് അനുസരിച്ചാണ് കണക്ഷൻ കട്ട് ചെയ്തതെന്നാണ് കൽപ്പറ്റ ബിഎസ്എൻഎൽ ഓഫീസിൽ നിന്നുള്ള വിശദീകരണം.

എംപി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനാലാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചു. ഇതിനിടെ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്യുകയാണ്.

ഈ മാസം 11-ാം തീയതി വയനാട്ടിലെത്തുന്ന രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് യുഡിഎഫിന്റെയും കോൺ​ഗ്രസിന്റെയും തീരുമാനം. പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്ര മോദിയെ മാത്രം ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ്‌ ന‌ടത്തിയതെന്നും അതിൽ അപകീർത്തിക്കേസ്‌ ഫയൽ ചെയ്യേണ്ടത്‌ അദ്ദേഹമായിരുന്നുവെന്നും രാഹുൽ കോടതിയിൽ പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ പരാതി നൽകാൻ ബിജെപി എംഎൽഎ പുർണേഷ്‌ മോദിക്ക്‌ നിയമപരമായ അവകാശമില്ല. മോദിയെന്ന നാമം 13 കോടി പേർക്കുണ്ടെന്നാണ്‌ ജഡ്‌ജി വിധിന്യായത്തിൽ പറഞ്ഞത്‌. 13 കോടി പേർക്കും പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസ്‌ കൊടുക്കാമെന്ന സാഹചര്യം നിയമപരമായി നിലനിൽക്കില്ലെന്നും രാഹുൽ പറഞ്ഞു. കേസ്‌ 13ന്‌ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.