വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി
മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി
പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്‍റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്നുമാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണത്തേത് പോലെ 90 അടുപ്പിച്ച് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. ഒമ്പത് സീറ്റിംങ് സീറ്റ് നഷ്ടപ്പെടാനും പകരം എട്ടെണ്ണം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നേമം മണ്ഡലത്തില്‍ വിജയ പ്രതീക്ഷ എല്‍ഡിഎഫിനുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ പ്രവചാനതീതമായ തെരഞ്ഞെടുപ്പാണ്. വടകര നഷ്ടപ്പെടുമോ എന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. അതേസമയം ലീഗിന്‍റെ കേന്ദ്രങ്ങളില്‍ ഇടത് മുന്നേറ്റവും കണക്ക് കൂട്ടുന്നുണ്ട്.
എന്നാല്‍ ഇടത് മുന്നണിയുടെ അവകാശ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് യുഡിഎഫ്. ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്ക് വെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വോട്ടായി മാറിയെന്ന് തന്നെയാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. 80 നോട് അടുപ്പിച്ച സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്ക് വെക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തിലും മികച്ച മുന്നേറ്റം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.
ബിജെപിയും തികഞ്ഞ ആത്മവിശ്വസമാണ് പങ്ക് വെയ്ക്കുന്നത്. സിറ്റിംങ് സീറ്റായ നേമം നിലനിര്‍ത്തും എന്നതിനൊപ്പം മഞ്ചേശ്വരം, കഴക്കൂട്ടം ,തിരുവനന്തപുരം, പാലക്കാട് മണ്ഡലങ്ങളില്‍ അത്ഭുതവും പ്രതീക്ഷിക്കുന്നുണ്ട്.