ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: കോട്ടയത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു. കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
ബസ് ഓടിച്ചിരുന്ന ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു.