സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുള്ള യാത്രയ്ക്കിടെ വാഹനാപകടം; തേനിയില്‍ മലയാളി യുവാക്കള്‍ മരിച്ചു
തമിഴ്‌നാട് തേനി അല്ലിനഗരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ്, ഗോകുല്‍, എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വടവാതൂര്‍ സ്വദേശി അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. തേനി മധുരാപുരി ബൈപാസില്‍ വച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ചക്രം പൊട്ടി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാറിന്റെ മുന്‍ഭാഗത്തിരുന്ന അക്ഷയും ഗോകുലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ അനന്തുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടു വരാനാനുളള യാത്രക്കിടെയായിരുന്നു അപകടം.