വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടതോടെ പ്രകോപിതനായി; ഗായത്രിയെ കൊലപ്പെടുത്തിയതിൽ പ്രതിയുടെ മൊഴി
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. നഗരത്തിലെ പള്ളിയിൽ വെച്ച് താലി കെട്ടിയതടക്കം ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രവീണ് പറഞ്ഞു. വിവാഹിതനായ പ്രവീൺ ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആഗ്രഹിച്ചത്
നിലവിലുള്ള വിവാഹ ബന്ധം വേർപെടുത്തി ഗായത്രിയെ വിവാഹം ചെയ്യാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ ഗായത്രി അസ്വസ്ഥയായി. തുടർന്ന് 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ ഒരു പള്ളിയിൽ വെച്ച് ഗായത്രിയെ താലികെട്ടി. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു
പ്രവീണും ഗായത്രിയും തമ്മിലുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ഇവർ ജോലിചെയ്തിരുന്ന ജ്വല്ലറിയിൽ പോയി പരാതിപ്പെട്ടു. ഇതോടെ പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്‌നാട്ടിലേക്ക് താനും വരുമെന്ന് ഗായത്രി നിർബന്ധം പിടിച്ചതോടെയാണ് പറഞ്ഞു മനസ്സിലാക്കാനായി തമ്പാനൂരിൽ മുറിയെടുത്തത്
പക്ഷേ ഇവിടെയെത്തിയ ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കി. പ്രവീൺ ചതിക്കുകയാണെന്ന് മനസ്സിലായപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ പ്രവീൺ ഗായത്രിയെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.