നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു
എറണാകുളം നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു. നായരമ്പലം ഭഗവതിക്ഷേത്രത്തിന് കിഴക്കറ്റ് തെറ്റയിൽ സിന്ധുവും മകൻ അതുലുമാണ് മരിച്ചത്. സിന്ധു കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ അതുൽ ഇന്ന് രാവിലെയാണ് മരിച്ചത്
സംഭവത്തിൽ സിന്ധുവിന്റെ അയൽവാസിയായ ദിലീപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ഇവരുടെ മുറിയിൽ തീ പടർന്നത്. എറണാകുളം ലൂർദ് ആശുപത്രിയിലെ ജീവനക്കാരിയാണ് സിന്ധു. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നുു
അയൽവാസിയായ ദിലീപിനെതിരെ മൂന്ന് ദിവസം മുമ്പ് സിന്ധു പോലീസിൽ പരാതി നൽകിയിരുന്നു. ദിലീപ് സ്ഥിരമായി തന്നെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദിലീപാണ് ഇത് ചെയ്തതെന്ന നിലയിൽ സിന്ധു പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഇതിനാൽ തന്നെ സംഭവം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല