വയനാട് മീനങ്ങാടി പഞ്ചായത്തിൽ കടുവ ആക്രമണം
വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലും കടുവ ആക്രമണം. ഏഴ് ആടുകളെ കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പനമരം ബീനാച്ചി റോഡ് ഉപരോധിച്ചു. ഡിഎഫ്ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങളിൽ നിന്ന് 21 ആടുകളെയാണ് കടുവ ആക്രമിച്ചത്. 18 ആടുകളെ കൊന്നു. ഭീതിയിലാണ് നാട്ടുകാർ. നാട്ടുകാർ കൊളഗപ്പാറയിലും ബീനാച്ചി പനമരം റോഡിലും ഉപരോധം സമരം നടത്തി.
സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കടുവയെ ഉടൻ പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.