Monday, January 6, 2025
Kerala

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ കേരളം ഞെട്ടുമോ; ഏറെ പറയാനുണ്ടെന്ന് പ്രഭാ സുരേഷ്

 

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് സ്വപ്‌ന സുരേഷ് മോചിതയായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന ജയിൽമുക്തയാകുന്നത്

ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഇവരുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാതെ വാഹനത്തിൽ കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ പ്രഭാ സുരേഷ് ജയിലിൽ എത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. സ്വപ്‌ന പ്രതികരിക്കുമെന്ന് പ്രഭ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മാധ്യമപ്രവർത്തകർ കാത്തുനിന്നതെങ്കിലും എല്ലാം പിന്നീട് പറായമെന്ന് പറഞ്ഞ് സ്വപ്ന പോകുകയായിരുന്നു

ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്ന പോയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും പ്രഭാ സുരേഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകരുമായി സംസാരിച്ച ശേഷം ഉടൻ തന്നെ സ്വപ്‌ന പ്രതികരിക്കുമെന്നാണ് കരുതുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌നയുടെ ജയിൽ മോചനം സാധ്യമായത്.

ഒരുപക്ഷേ കേരളത്തെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സ്വപ്‌ന നടത്തിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പേരടക്കം പറയാനായി കേന്ദ്ര ഏജൻസികൾ തന്റെ മേൽ സമ്മർദം ചെലുത്തുന്നതായി സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ പറഞ്ഞിരുന്നു. അതേ വാദത്തിൽ സ്വപ്‌ന ഉറച്ചു നിൽക്കുന്നുണ്ടോ, ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങൾ നിലനിൽക്കുകയാണ്. നയതന്ത്ര ബാഗേജ് വഴി എട്ട് തവണയോളം സ്വർണം കടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് സ്വപ്‌നയെയും കൂട്ടാളികളെയും സഹായിച്ചതാരാണെന്നതടക്കമുള്ള കാര്യങ്ങൾക്ക് അന്വേഷണ ഏജൻസികൾ ഉത്തരം കണ്ടെത്തിയിട്ടില്ല

2020 ജൂലൈ 5നാണ് കേരളാ രാഷ്ട്രീയത്തിൽ ഏറെ കോലാഹലങ്ങൾക്ക് ഇടയാക്കിയ നയതന്ത്ര സ്വർണക്കടത്ത് പുറത്തുവരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചതാണ് കേസിന്റെ തുടക്കം. യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വപ്‌നയും അന്നത്തെ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കറും തമ്മിലുള്ള ബന്ധം സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *