Tuesday, January 7, 2025
Kerala

മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ്: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.

ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

ഫീസടയ്ക്കാന്‍ വൈകിയതിനെ തുടർന്ന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി. നേരത്തെ കണ്ണൂരില്‍ താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസര്‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *