Saturday, October 19, 2024
Kerala

കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് 2 മാസം, പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകിയില്ല

തിരുവനന്തപുരം: കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് 2 മാസമായിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ. ജൂൺ അവസാനത്തോടെ ആദ്യഘട്ട സൗജന്യ കണക്ഷൻ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ കണക്ഷൻ നൽകാനായത് 4800 ഓളം പേര്‍ക്ക് മാത്രമാണ്. ജൂൺ അവസാനത്തോടെ ആദ്യ ഘട്ടത്തിലെ 14000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുമന്നായിരുന്നു കെ-ഫോൺ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ജൂണും ജൂലൈയും കഴിഞ്ഞ് ആഗസ്റ്റ് ആദ്യ ആഴ്ച പിന്നിട്ടിട്ടും നാളിത് വരെ കണക്ഷനെത്തിയത് വെറും 4800 ഓളം കുടുംബങ്ങളിൽ മാത്രമാണ്. മാസങ്ങളെടുത്ത് തദ്ദേശ ഭരണ വകുപ്പ് കണ്ടെത്തി നൽകിയ 14000 ബിപിഎൽ കുടുംബങ്ങളുടെ ലിസ്റ്റ് വച്ച് കണക്ഷൻ നടപടികൾ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നാണ് കേരള വിഷൻ പറയുന്നത്. മതിയായ വ്യക്തി വിവരങ്ങൾ പോലും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 5000 പേരുടെ ലിസ്റ്റ് കേരളാവിഷൻ കെ-ഫോണിന് തന്നെ തിരിച്ച് നൽകിയത്. പോരായ്മകൾ പരിഹരിച്ച് പുതിയ ലിസ്റ്റ് തദ്ദേശ ഭരണ വകുപ്പ് നൽകിയാൽ മാത്രമെ ഇനി കണക്ഷൻ നടപടികൾ മുന്നോട്ട് പോകൂ.

ഉൾപ്രദേശങ്ങളിലേക്ക് കേബിളെത്തിക്കുന്ന കാര്യത്തിലും കേരള വിഷന് കാലതാമസം വരുന്നുണ്ട്. സൗജന്യ കണക്ഷൻ നടപടികളിലേ അനിശ്ചിതത്വത്തെ കുറിച്ച് ചോദിച്ചാൽ ഓണത്തിന് മുൻപെങ്കിലും കൊടുത്ത് തീര്‍ക്കാനാകുമെന്ന പ്രതീക്ഷ മാത്രമാണ് കെ ഫോൺ അധികൃതര്‍ പങ്കുവയ്ക്കുന്നത്. ആദ്യഘട്ടത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ രണ്ടാം ഘട്ടത്തിലെ രണ്ടര ലക്ഷം കണക്ഷനുകൾ നൽകാൻ സാങ്കേതിക പങ്കാളിയെ കണ്ടെത്താനും ഇതുവരെ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക വാണിജ്യ കണക്ഷൻ നടപടികൾക്ക് മൂന്നാം തവണ വിളിച്ച ഐഎസ്പി ടെണ്ടര്‍ നടപടികളും അനിശ്ചിതമായി നീളുകയാണ്.

Leave a Reply

Your email address will not be published.