Sunday, February 2, 2025
Kerala

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം ചൊവ്വാഴ്ച; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളജില്‍ നടക്കും. എസ്.പി.സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 9.30 മുതല്‍ 10 മണി വരെയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രാവിലെ 10.30 മുതല്‍ നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ 11.30ന് ആരംഭിക്കും. ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങള്‍ 1.30ന് തുടങ്ങും.

വൈകിട്ട് നാലുമണിക്ക് നടക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ദിനാഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, സംസ്ഥാന പൊലീസ് മേധാവി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

നോളജ് ഫെസ്റ്റ് 23 എന്ന് നാമകരണം ചെയ്തിരിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. എസ്.പി.സി പദ്ധതിയുടെ 2023-24 കാലഘട്ടത്തെ പ്രമേയത്തിന്‍റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിക്കുന്നതാണ്. എസ്.പി.സി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരങ്ങളിലും ചടങ്ങിലും സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി രണ്ടായിരത്തോളം കേഡറ്റുകളും 250 ഓളം അധ്യാപകരും സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *