Sunday, January 5, 2025
Kerala

പഞ്ചായത്ത് കിണറിടിഞ്ഞ് താഴ്ന്നു, പിതാവ് നോക്കി നിൽക്കെ മകള്‍ കുഴിയിലേക്ക്, ഓടിയെത്തി രക്ഷകനായി അയൽവാസി

കൽപ്പറ്റ: വയനാട്ടിൽ കിണറിടിഞ്ഞുണ്ടായ കുഴിയിൽ വീണ വിദ്യാർത്ഥിനിക്ക് തുണയായി അയൽവാസി. കമ്പളക്കാട് അരിവാരം പതിനൊന്നാം വാർഡിലെ പഞ്ചായത്ത് കിണറിന്‍റെ പ്ലാറ്റ് ഫോം ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിലേക്കാണ് വിദ്യാ‍ർത്ഥി വീണത്.
പഞ്ചായത്ത് കിണറിന് അടുത്ത് താമസിക്കുന്ന സജീവനും കുടുംബവും ചേർന്ന് കിണറിലെ മോട്ടോർ നന്നാക്കുന്നതിനിടയിലാണ് സംഭംവം.

സജീവൻ കിണറിന് സമീപം നിന്ന് മോട്ടോർ നന്നാക്കുകയായിരുന്നു. മകള്‍ അനന്യയും ഈ സമയം അടുത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇവർ നിന്നിരുന്ന പ്ലാറ്റ് ഫോം ഇടിഞ്ഞ് താണത്. ഇതോടെ അനന്യ ആ കുഴിയിലേക്ക് വീണു. പെട്ടന്നുണ്ടായ അപകടത്തിൽ എല്ലാവരും പരിഭ്രാന്തിയിലായപ്പോഴാണ് അയൽവാസിയായ ബഷീർ രക്ഷകനായെത്തിയത്. പെട്ടന്നുതന്നെ ഒരു കോണി സംഘടിപ്പിച്ച് കുഴിയിലേക്ക് കോണി കെട്ടിയിറക്കിയ ശേഷം ബഷീർ ഇറങ്ങി അനന്യയെ പരിക്ക് കൂടാതെ രക്ഷിക്കുകയായിരുന്നു.

ഫയർഫോഴ്സിനെ വിവരമറിയിച്ചിരുന്നെങ്കിലും അതിനായി കാത്ത് നിൽക്കാതെ ഏത് സമയം ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ ആഴത്തിലുള്ള കിണറിലേക്ക് ബഷീർ ഇറങ്ങി കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ബഷീറിന്‍റെ മനഃസാന്നിധ്യമാണ് ഒരു ദുരന്തം ഒഴിവാക്കിയത്. സമയോചിതമായ ഇടപെടലിലൂടെ അയല്‍വാസിയുടെ മകളെ രക്ഷിച്ച ബഷീറിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം കനത്ത മഴയിൽ പാലക്കാട് മുണ്ടൂരിലും കിണര്‍ ഇടിഞ്ഞു താഴ്ന്നിരുന്നു. സുനിത പ്രകാശിന്‍റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. അപകട സമയത്ത് കിണറിനടുക്ക് ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *