നാളെ വൈകിട്ടോടെ ദുർബലമാകുന്ന മഴ പന്ത്രണ്ടാം തീയതിയോടെ ശക്തമാകും; മഴക്കെടുതി നേരിടാൻ സർക്കാർ സജ്ജമെന്ന് കെ രാജൻ
മഴക്കെടുതി നേരിടാൻ സർക്കാർ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാളെ വൈകിട്ടോടെ ദുർബലമാകുന്ന മഴ പന്ത്രണ്ടാം തീയതിയോടെ ശക്തമാകും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു.ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഉണ്ടായിട്ടില്ല.
മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല.തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.വൈകിട്ട് കുതിരാൻ സന്ദർശിക്കും.കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.