കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി; നേതൃമാറ്റം സംബന്ധിച്ച വിവരം അറിയില്ലെന്ന് കെ സുരേന്ദ്രൻ
നേതൃമാറ്റം സംബന്ധിച്ച വിവരം അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. കേന്ദ്ര മന്ത്രിസഭാ പുനസംഘടന തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ദേശീയ നേതൃത്വവുമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഐഎം.
വർഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങൾ കേരളത്തിലുണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നേതൃത്വം അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ മുഖ്യ അജണ്ട. ശനി, ഞായര്‍ ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന അദ്ധ്യക്ഷന്മാരുടെ യോഗം സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.