സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം; നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും. മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജിയാവശ്യം മന്ത്രി നിരസിച്ച സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.
രാഷ്ട്രീയമായി പ്രതിപക്ഷത്തിന് ചാകരക്കാലമാണ്. സർക്കാരിനും ഭരണമുന്നണിക്കുമെതിരെ പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാണ് മന്ത്രി സജി ചെറിയാൻറെ ഭരണഘടനാ വിരുദ്ധ പരാമർശം. വിഷയം സഭയിൽ ഇന്നലെ പ്രതിപക്ഷം ആയുധമാക്കിയില്ലെങ്കിലും ഇന്ന് അതാകില്ല സ്ഥിതി.
ഭരണഘടനയെ നിന്ദിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശൂന്യവേളയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും. ചോദ്യോത്തര വേളയിൽത്തന്നെ പ്രതിഷേധമുയർത്താനുളള സാധ്യതയും തളളിക്കളയാനാകില്ല. ഇന്നലെ സജിചെറിയാൻ സഭയിൽ മറുപടി പറയവെ പ്രതിപക്ഷം മന്ത്രിയെ ബഹിഷ്‌കരിച്ചിരുന്നു. ആ ബഹിഷ്‌കരണം തുടർന്നേക്കും.
മന്ത്രിയുടെ പ്രസ്താവനയിൽ ഭരണമുന്നണിയിലെ സിപിഐക്കുളള എതിർപ്പും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. വിഷയത്തിൽ സിപിഐ മന്ത്രിമാരുടെ നിലപാടും സഭക്കുളളിൽ പ്രതിപക്ഷം തേടും. രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമനടപടികളിലേക്ക് കടക്കുന്നതിൻറെ സാധ്യതയും പ്രതിപക്ഷം ആരായുന്നുണ്ട്. മന്ത്രിയുടെ വിശദീകരണം കോടതിയിലും നിലനിൽക്കില്ലെന്നാണ് പ്രതിപക്ഷത്തിൻറെ വിലയിരുത്തൽ. കോടതിയിൽ പോയാൽ മന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പ്രതീക്ഷ പുലർത്തുന്നു. നിയമവിദഗ്ധരുമായി കൂടിയാലോചനകൾക്ക് ശേഷമാകും യുഡിഎഫ് കോടതിയിലേക്ക് പോവുക. മന്ത്രിയുടെ പ്രസംഗത്തിൽ മുഖ്യമന്ത്രിയും ഇന്ന് സഭയിൽ നിലപാട് വ്യക്തമാക്കിയേക്കും.