ഗര്‍ഭിണിയുടെ ദുരൂഹമരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
പത്തനംതിട്ട: കുഴിക്കാലയില്‍ ഗര്‍ഭിണി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മരിച്ച അനിതയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.ഗര്‍ഭിണിയായിരിക്കെ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ യുവതി മരിച്ച സംഭവം ഗൗരവമുള്ളതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി പറഞ്ഞു. പത്തനംതിട്ട കുഴിക്കാല സ്വദേശിയായ അനിത വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 28നാണ് മരണപ്പെട്ടത്.
ഭര്‍ത്താവ് ജ്യോതിഷ് അനിതയ്ക്ക് ഭ്രൂണഹത്യയ്ക്കുള്ള ചില ദ്രാവകങ്ങള്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഈ ആരോപണം ശരിയാണെന്ന് കണ്ടെത്തി. സ്ത്രീധന പീഡനം നിരോധനം നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ജ്യോതിഷിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ കൊട്ടാരക്കര സബ്ജയില്‍ റിമാന്‍ഡിലാണ്.