ചാരപ്രവർത്തനം നടന്നുവെന്നത് സത്യമാണ്; മാലി വനിതകളെ അറസ്റ്റ് ചെയ്തത് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്
ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ ബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐ ബി നിരന്തരം ശ്രമം നടത്തിയതായും സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു
ഐബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ആർ ബി ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസിന് വിവരം നൽകിയിരുന്നത് റോയും ഐബിയുമാണ്.
മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. കൃത്യമായി അതിനുള്ള തെളിവുകളും മൊഴികളിലുണ്ടായിരുന്നു. ചാരപ്രവർത്തനം നടന്നുവെന്ന് വ്യക്തമായിരുന്നു. ചെന്നൈ, തിരുവനന്തപുരം, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്‌പൈ നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്നും സിബി മാത്യൂസ് പറയുന്നു.