ശശി തരൂർ സീറോ മലബാർ സഭാ ആസ്ഥാനത്ത്; വിഴിഞ്ഞം ചർച്ച ചെയ്തില്ലെന്ന് തരൂർ
ശശി തരൂർ സീറോ മലബാർ സഭാ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ശശി തരൂരിനെ പൊന്നാട അണിയിച്ച് സ്വീകരിച്ച് മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു.
വിഴിഞ്ഞം വിഷയത്തിൽ ഉൾപ്പടെ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ കെസിബിസി ശീതകാല സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകാനിരിക്കെ തരൂരിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രസ്കതി ഏറെയാണ്. കോൺഗ്രസ് നേതാക്കൾ എല്ലാവരും തന്നെ വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരെ തുറന്ന പോര് നടത്തുമ്പോൾ പദ്ധതിയുടെ അനിവാര്യമെന്ന നിലപാടാണ് തരൂരിനുള്ളത്. അതുകൊണ്ട് കർദിനാൾ തരൂർ കൂടിക്കാഴ്ച ഏറെ നിർണായകമായിരുന്നു.
എന്നാൽ വിഴിഞ്ഞം ചർച്ച ചെയ്തില്ലെന്ന് കർദിനാളിനെ കണ്ടിറങ്ങിയ ശേഷം ശശി തരൂർ പറഞ്ഞു. കർദിനാൾ തന്നെ സന്തോഷത്തോടെ സ്വീകരിച്ചുവെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കേണ്ട സമയമായി. എല്ലാം നല്ലപോലെ പരിഹാരിക്കണമെന്നാണ് ആഗ്രഹം. ഇരുകൂട്ടരുടെയും ഭാഗത്തും ശരികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാർ തുറമുഖ നിർമ്മാണം നിർത്തണം എന്ന നിലപാടിൽ മാത്രം നിൽക്കരുത്. വികസനവിരുദ്ധം എന്ന നിലയിൽ സമരത്തെ വ്യാഖ്യാനിക്കരുത്. സമരക്കാർക്ക് വേണ്ടത് സർക്കാർ ചെയ്തു എന്ന് പറയാനാകില്ല. വികസനം വേണം. ജനങ്ങളെ ഒപ്പം ചേർത്തുള്ള വികസനമാണ് വേണ്ടത്.
രാവിലെ പത്തരയ്ക്ക് കെസിബിസി – കെസിസി സംയുക്ത യോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിനാണ് കെസിബിസി ശീതകാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷനിൽ തന്നെ വിഴിഞ്ഞം ചർച്ചയാകും. മറ്റ് കത്തോലിക്കാ സഭകളിൽ നിന്ന് വിഴിഞ്ഞം സമരത്തിന് പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തുന്നതിനിടെയാണ് സമ്മേളനം. നിലവിൽ ഉണ്ടായിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യം കെസിബിസി സമ്മേളനം വിലയിരുത്തും. ബഫർസോൺ അടക്കമുള്ള ആനുകാലിക വിഷയങ്ങളും ചർച്ചയാകും.