Saturday, October 19, 2024
Kerala

വിഴിഞ്ഞം വിഷയത്തിൽ നിലപാട് കടുപ്പിക്കും; കെ.സി.ബി.സി ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഴിഞ്ഞം വിഷയത്തിൽ ഉൾപ്പടെ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ കെ.സി.ബി.സി ശീതകാല സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. രാവിലെ പത്തരയ്ക്ക് കെ.സി.ബി.സി – കെ.സി.സി. സംയുക്ത യോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിനാണ് കെ.സി.ബി.സി ശീതകാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷനിൽ തന്നെ വിഴിഞ്ഞം ചർച്ചയാകും. മറ്റ് കത്തോലിക്കാ സഭകളിൽ നിന്ന് വിഴിഞ്ഞം സമരത്തിന് പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തുന്നതിനിടെയാണ് സമ്മേളനം. നിലവിൽ ഉണ്ടായിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യം കെ.സി.ബി.സി സമ്മേളനം വിലയിരുത്തും. ബഫർസോൺ അടക്കമുള്ള ആനുകാലിക വിഷയങ്ങളും ചർച്ചയാകും.

വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും ഇവർ സന്ദർശിക്കും. തുടർന്ന് മുല്ലൂരിൽ വിവിധ സംഘടനകളുടെ സമരപ്പന്തലുകൾ ദൗത്യ സംഘം സന്ദർശിക്കും. സംഘർഷത്തിൽ പരുക്കേറ്റ പൊലീസുകാരെയും സന്ദർശിക്കും. രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തിൽ എത്തിക്കാനുള്ള ശ്രമവും നടക്കും.

ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപൻ ഡോ. ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ്പ് യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് വിഴിഞ്ഞെത്ത് എത്തിച്ചേരുന്നത്

Leave a Reply

Your email address will not be published.