Friday, January 24, 2025
Kerala

ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല; ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. ആവശ്യം വന്നാൽ, ഇരയുടേയും പ്രതിയുടേയും ഡി.എൻ.എ പരിശോധന നടത്താൻ  ക്രമിനൽ നടപടി ചട്ടത്തില്‍  സാധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി പതിനഞ്ചുകാരിയുടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാൻ രക്ത സാമ്പിൾ ശേഖരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നൽകിയ ഹര്‍ജി തള്ളിയാണ്  ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.

1997ൽ സ്വന്തം  വീട്ടിലടക്കം എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരൻ. പ്രതിയുടെ ഡി.എൻ.എ പരിശോധനക്ക് രക്ത സാമ്പിൾ ശേഖരിക്കാനും ലൈംഗീക ശേഷി പരിശോധന നടത്താനുമുള്ള പൊലിസിന്‍റെ  ആവശ്യം വിചാരണ കോടതി അനുവദിച്ചിരുന്നു.  ഇത്തരത്തിൽ ഉത്തരവിടാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. 

സ്വന്തം കേസിൽ പ്രതി തന്നെ  തെളിവുകൾ നൽകണമെന്ന് പ്രതിയെ  നിർബന്ധിക്കാനാവില്ല. അങ്ങിനെ തെളിവു നൽകുന്നതിൽ നിന്ന് ഭരണഘടന സംരക്ഷണം നൽകുന്നതിനാൽ ഡി.എൻ.എ പരിശോധനക്ക് രക്ത സാമ്പിൾ നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാല്‍ ബലാത്സംഗ കേസുകളിൽ ആവശ്യം വന്നാൽ, ഇരയുടേയും പ്രതിയുടേയും ഡി.എൻ.എ പരിശോധന നടത്താൻ 2005 ലെ ക്രമിനൽ നടപടി ചട്ടത്തിലെ ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  

>

Leave a Reply

Your email address will not be published. Required fields are marked *