ഫസൽ വധത്തിന് പിന്നിൽ കൊടി സുനിയും സംഘവുമെന്ന് സിബിഐ; ആർ എസ് എസ് എന്ന വാദം തള്ളി
തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു
ആർ എസ് എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ പറയുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസിൽ തുടരന്വേഷണം ആരംഭിച്ചത്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനായിരുന്നു കോടതി നിർദേശം.
മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സുബീഷ് മൊഴി നൽകിയത്. എന്നാൽ സുബീഷിനെ കസ്റ്റഡിയിൽ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണ് ഈ മൊഴിയെന്ന് സിബിഐ പറയുന്നു. കേസിലെ ആദ്യ കുറ്റപത്രം ശരിവെച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.