Monday, April 14, 2025
Kerala

എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. എല്ലാവരും കഴിവതും വീട്ടിലിരിക്കണം. ജോലിക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ പോകേണ്ടവര്‍ മാത്രം പുറത്തിറങ്ങണം. സ്വയം രോഗം പകരുന്ന സാഹചര്യവും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുന്ന സാഹചര്യവും ഉണ്ടാക്കരുത്. ബുദ്ധിമുട്ടിക്കുന്ന കൊവിഡ് വാര്‍ത്തകളാണ് ലോകത്തെമ്പാടുനിന്നും വരുന്നത്. പനി വന്ന് പോകുന്ന പോലെ ആരും കരുതരുത്. അത് വന്ന് കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും. മരണം പോലും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത വേണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു.

 

രോഗ പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കാത്തതിന്റെ ഫലം ഈ കൊവിഡ് കാലത്ത് അനുഭവിക്കുന്നുണ്ട്. കൊവിഡ് വന്നപ്പോള്‍ ഏറ്റവുമധികം മരണം ഇവിടെയുണ്ടാകുമെന്ന് പലരും പറഞ്ഞു. ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും ജീവിതശൈലീ രോഗങ്ങളുമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം കാരണം മരണം വളരെയേറെ കുറയ്ക്കാന്‍ സാധിച്ചു. വയോജനങ്ങളും മറ്റ് രോഗമുള്ളവരും കൊവിഡ് ബാധിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 38 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 500ലധികം കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമായി മാറും. കെട്ടിടം പൂര്‍ത്തിയാകാന്‍ അല്‍പം കാലതാമസം എടുക്കുമെങ്കിലും എല്ലായിടത്തും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീന്‍, കെ. രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ചീഫ് വിപ്പ് കെ. രാജന്‍, മണ്ഡലാനുസരണം എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *