12 പഞ്ചായത്തുകളിലും, രണ്ട് മുന്‍സിപ്പാലിറ്റികളിലും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
സംസ്ഥാനത്ത് 12 പഞ്ചായത്തുകളിലും തിരുവനന്തുപരം നഗരത്തിലെ മൂന്ന് വാര്‍ഡുകളിലുമടക്കം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളിലും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലുമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസറ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ വല്ലാതെ പ്രയാസപ്പെടും. റിവേഴ്‌സ് ക്വാറന്റൈന്‍ വേണ്ടവര്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്.
രോഗമുക്തരായവര്‍ സന്നദ്ധരായാല്‍ ആരോഗ്യ സന്ദേശപ്രചാരകരാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്‌മെന്റ് നടത്തും.