Monday, January 6, 2025
Kerala

കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്.

ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതല്‍. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമന്‍ ഒന്‍പത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് മറ്റൊരു വിശ്വാസമുണ്ട്. നവരാത്രി പൂജയുടെ പത്താംനാളിലാണ് വിജയദശമി ആഘോഷം. പൂജയെടുപ്പും വിദ്യാരംഭവും വിജയദശമിനാളിലാണ്.

മഹാനവമി നാളിലെ അടച്ചുപൂജക്ക് ശേഷം വിജയദശമി നാള്‍ പ്രഭാതത്തില്‍ ക്ഷേത്രങ്ങളില്‍ സരസ്വതീ പൂജയ്ക്കു ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷ്മിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ ഏറെ പ്രാധാന്യം. ക്ഷേത്രങ്ങളില്‍ അതിരാവിലെ സരസ്വതീപൂജക്ക് ശേഷം കുഞ്ഞുങ്ങള്‍ അരിയില്‍ ആദ്യാക്ഷരം കുറിച്ചുതുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *